കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ എസ് യു വെള്ളിയാഴ്ച നടത്തിയ വിദ്യാഭ്യാസ ബന്ദ് കുണ്ടംകുഴിയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഏതാനും കെ എസ് യു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ബേഡകം പൊലീസെത്തി വിരട്ടിയതോടെയാണ് വലിയ സംഘര്‍ഷം ഒഴിവായത്.
വെള്ളിയാഴ്ച രാവിലെ കെ എസ് യു പ്രവര്‍ത്തകര്‍ സമരം നടത്തുന്നുവെന്നു കാണിച്ച് പ്രിന്‍സിപ്പലിനു നോട്ടീസ് നല്‍കിയിരുന്നു. സമരം അനുവദിക്കില്ലെന്നു മറുപടി നല്‍കിയപ്പോള്‍ പ്രവര്‍ത്തകര്‍ പ്രകടനമായി ക്ലാസ് മുറികളില്‍ നിന്നു പുറത്തിറങ്ങുകയായിരുന്നുവെന്നു പറയുന്നു. സമരത്തെ എതിര്‍ത്തു കൊണ്ട് എസ് എഫ് ഐ പ്രവര്‍ത്തകരും രംഗത്തിറങ്ങിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇരു സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ നടത്തിയ കയ്യാങ്കാളിയില്‍ ഏതാനും കെ എസ് യു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ടെന്നു പറയുന്നു. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് വന്‍ സംഘര്‍ഷം ഒഴിവായത്. സ്‌കൂള്‍ പരിസരത്ത് പൊലീസ് പിക്കറ്റ് തുടരുന്നുണ്ട്.
