കാസര്‍കോട്: കാറഡുക്ക കര്‍ഷക ക്ഷേമ സഹകരണ സംഘം തട്ടിപ്പ് കേസില്‍ എട്ടാം പ്രതിയായ ബിജെപി നേതാവ് കോടതിയില്‍ കീഴടങ്ങി. ബിജെപി മുൻ ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലറുമായ അജയകുമാര്‍ നെല്ലിക്കാട്ടാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ കീഴടങ്ങിയത്. കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സഹകരണ സംഘത്തില്‍ നിന്നും സെക്രട്ടറിയായ മുൻസിപി എം ലോക്കൽ കമ്മറ്റി അംഗം കര്‍മന്തോടിയിലെ രതീശന്‍ കടത്തിയ സ്വര്‍ണം പണയപ്പെടുത്താന്‍ സഹായിച്ചതിനാണ് അജയകുമാര്‍ നെല്ലിക്കാട്ടിനെ പ്രതി ചേര്‍ത്തത്. അജയകുമാറിന്റെ സഹോദരന്‍ അനില്‍കുമാര്‍ നെല്ലിക്കാട്ടിനെയും കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തില്‍ നിന്നും പണയസ്വര്‍ണമുള്‍പ്പെടെ കടത്തി 4.76 കോടിയുടെ തട്ടിപ്പാണ് നടന്നത്. 2024 മെയ് 14-നാണ് സംഘത്തില്‍ പണയപ്പെടുത്തിയ സ്വര്‍ണം പല പേരുകളില്‍ പണയപ്പെടുത്തിയതായി കാണിച്ചും ലോക്കറില്‍ നിന്നും സ്വര്‍ണം കടത്തിയും സെക്രട്ടറിയുടെ നേതൃത്വത്തില്‍ തട്ടിപ്പ് നടന്നത്. 44 പൊതികളിലായി സൂക്ഷിച്ചിരുന്ന 2.66 കിലോ സ്വര്‍ണമാണ് രതീശന്‍ സൊസൈറ്റി ലോക്കറില്‍ നിന്നും കടത്തിയത്. ഇത് പിന്നീട് കേരള ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖ, കാനറാ ബാങ്കിന്റെ പെരിയ, പള്ളിക്കര ശാഖകളിലാണ് പണയപ്പെടുത്തിയത്.
കേസില്‍ 11 പ്രതികളാണുള്ളത്. സെക്രട്ടറിയായിരുന്ന രതീശനാണ് ഒന്നാം പ്രതി. പയ്യന്നൂരില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ എന്ന മഞ്ചക്കണ്ടി ജബ്ബാര്‍, കോഴിക്കോട് അരക്കിണര്‍ സ്വദേശി സി. നബീല്‍, ബേക്കല്‍ ഹദ്ദാദ് നഗറിലെ കെ.അഹമ്മദ് ബഷീര്‍, എ.അബ്ദുല്‍ ഗഫൂര്‍ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.