കാസര്‍കോട്: കാരവല്‍ മീഡിയയുടെ വിശ്വാസ്യതയും ജനകീയതയും മുതലെടുത്ത് ദുഷ്ടാത്മാക്കള്‍ കള്ളവാര്‍ത്ത കെട്ടിച്ചമച്ച് വ്യാപകമായി പ്രചരിപ്പിച്ചു. കാസര്‍കോട് ചൂരി സലഫി മസ്ജിദില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കള്ളവാര്‍ത്ത പ്രചരിപ്പിച്ചത്. കേസിലെ പരാതിക്കാരനായ ചൂരി ആര്‍ ഡി നഗറിലെ അബ്ദുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും പള്ളിയുടെ ഓഫീസ് അഡ്മിനിസ്‌ട്രേറ്ററുമായ മുഹമ്മദ് മഷൂദ് ആണ് ഇക്കാര്യം അറിയിച്ചത്.
ജൂണ്‍ 24ന് രാവിലെ 8നും 8.30 മണിക്കും ഇടയില്‍ നടന്ന കവര്‍ച്ചയെ കുറിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ പരാതിയെയും കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെയും അടിസ്ഥാനമാക്കിയാണ് കാരവല്‍ മീഡിയ ബുധനാഴ്ച വാര്‍ത്ത നല്‍കിയത്. കാരവല്‍ തലക്കെട്ടിലോ, വാര്‍ത്തയിലോ പറയാത്ത കാര്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയാണ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമം ഉണ്ടായത്. ഇതിനായി സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുകയും കാരവല്‍ മീഡിയയുടെ ഔദ്യോഗിക ലിങ്കിന്റെ കോപ്പിയെടുത്ത് ചേര്‍ക്കുകയും ചെയ്ത ശേഷമാണ് വ്യാജവാര്‍ത്ത ഉണ്ടാക്കി പ്രചരിപ്പിച്ചത്. കാരവല്‍ മീഡിയ വാര്‍ത്തയില്‍ ‘ചൂരി സലഫി മസ്ജിദില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; മേശവലിപ്പില്‍ നിന്നു 3,10,000 രൂപയും രണ്ടു പവനും കവര്‍ന്നു; മഞ്ചേശ്വരത്തും കവര്‍ച്ച’ എന്നായിരുന്നു തലക്കെട്ട്.
എന്നാല്‍ വിഷലിപ്ത മനസ്സുകള്‍ അത് ‘*ചൂരി സലഫി മസ്ജിദില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; മേശവലിപ്പില്‍ നിന്നു
വിത്ര്‍ സക്കാത്തിന്റെ അരിക്കുവേണ്ടി രണ്ടുമാസം മുമ്പു പിരിച്ച മൂന്നു ലക്ഷം രൂപയും
3,10,000 രൂപയും സ്വര്‍ണ്ണത്തിന്റെ രണ്ടു പവനും കവര്‍ന്നു.’ എന്നു മാറ്റുകയായിരുന്നു. അതിനു ശേഷം കാരവല്‍ മീഡിയയില്‍ കയറാനുള്ള ലിങ്കും ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും കോപ്പിയെടുത്തു വ്യാജവാര്‍ത്തയില്‍ ചേര്‍ത്താണ് ദുഷ് പ്രചരണം വ്യാപകമായി നടത്തിയത്.
വിശ്വാസ്യതയെ തകര്‍ക്കാനും മുതലെടുക്കാനും നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാനും ബോധപൂര്‍വ്വം നടത്തിയ നീചമായ ദുഷ്‌കര്‍മ്മത്തിനെതിരെ കാരവല്‍ മീഡിയ നിയമനടപടി ആരംഭിക്കുന്നുണ്ട്.
