ലണ്ടന്‍: പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോള്‍ താരവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കളിക്കാരനുമായ ഡീഗോ ജോട്ട(28) കാറപകടത്തില്‍ മരിച്ചു. കൂടെ ഉണ്ടായിരുന്ന സഹോദരനും പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരവുമായ ആന്ദ്രെ സില്‍വയും(26) മരിച്ചെന്നാണ് വിവരം. സ്‌പെയിനില്‍ വച്ചാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ടയര്‍ പൊട്ടിയതോടെ നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നു തെന്നിമാറി കത്തിയമര്‍ന്നു. ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
ദീര്‍ഘകാലം കാമുകിയായിരുന്ന റുട്ട് കര്‍ഡോസോയെ വിവാഹം ചെയ്ത് രണ്ടാഴ്ച മാത്രം കഴിയുന്നതിനിടെയാണ് ജോട്ടയുടെ ദാരുണാന്ത്യം.
ലിവര്‍പൂളിനായി 182 കളികളില്‍ ബൂട്ടണിഞ്ഞ ജോട്ട 65 ഗോളുകളും 22 അസിസ്റ്റുകളും നേടി. പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി 49 മത്സരങ്ങളില്‍ 14 ഗോളുകളും നേടി. 2 തവണ യൂറോപ്യന്‍ നേഷന്‍ ലീഗ് കിരീടം നേടിയ പോര്‍ച്ചുഗല്‍ ടീമില്‍ അംഗമായി.
