കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം. ശിക്ഷാവിധി സുപ്രീം കോടതി മരവിപ്പിച്ചു. ഹൈക്കോടതി അപ്പീലില്‍ തീരുമാനം വരുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നായിരുന്നു കിരണ്‍കുമാര്‍ ആവശ്യപ്പെട്ടത്. പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച വിചാരണ കോടതി വിധിക്കെതിരെയായിരുന്നു കിരണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്നാണ് ഇയാളുടെ വാദം. നേരത്തേ കേസില്‍ കിരണ്‍കുമാറിന് കോടതി പരോളും അനുവദിച്ചിരുന്നു.
2021 ജൂണ്‍ 21നാണ് ബിഎഎംഎസ് വിദ്യാര്‍ഥിയായിരുന്ന വിസ്മയയെ ഭര്‍ത്താവും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായിരുന്നു കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 100 പവന്‍ സ്വര്‍ണം, ഒരേക്കര്‍ വസ്തു, 12 ലക്ഷം രൂപയുടെ ടയോട്ട കാര്‍ എന്നിവയാണ് വിസ്മയയ്ക്ക് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ ആറുമാസം തികയും മുമ്പ് കാര്‍ മോശമാണെന്നും മറ്റൊന്നു വാങ്ങാന്‍ 10 ലക്ഷം നല്‍കണമെന്നും വിസ്മയയുടെ അച്ഛനമ്മമാരോട് കിരണ്‍ ആവശ്യപ്പെട്ടെന്നാണ് പരാതി. ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ ടീമിനെ നിയോഗിക്കുകയും ഐജി ഹര്‍ഷിദ അട്ടല്ലൂരിക്ക് മേല്‍നോട്ടച്ചുമതല നല്‍കുകയും ചെയ്തായിരുന്നു കേസ് അന്വേഷണം. സ്ത്രീധന പീഡന പരാതിയില്‍ ശൂരനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തിതിനെ തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് ജോലിയില്‍നിന്ന് ഇയാളെ ആദ്യം സസ്‌പെന്‍ഡ്ചെയ്തിരുന്നു. പിന്നാലെ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്ന് 2021 ആഗസ്ത് ആറിന് കിരണിനെ ജോലിയില്‍നിന്നു പിരിച്ചുവിടുകയും ചെയ്തിരുന്നു.
