കൊച്ചി: ഡാർക്ക് വെബിലൂടെ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി എഡിസനാണ് പിടിയിലായത്. 35 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. 1127 എൽഎസ്ഡി, 131.6 കിലോഗ്രാം കെറ്റാമിൻ എന്നിവയാണ് കണ്ടെത്തിയത്. കഴിഞ്ഞ 2 വർഷമായി ഡാർക്ക് വെബ് ഉപയോഗിച്ച് ഇയാൾ ലഹരിക്കച്ചവടം നടത്തിയിരുന്നു. കെറ്റാമലോൺ എന്ന ലഹരി ശൃംഖലയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അറുന്നൂറിലധികം ലഹരി ഷിപമെന്റുകളാണ് ഇവർ നടത്തിയത്. ക്രിപ്റ്റോ കറൻസി ഉപയോഗിച്ചായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. ഐപി അഡ്രസുകൾ അടിക്കടി മാറ്റുന്നതും ഇടപാടുകാർക്കും കച്ചവടക്കാർക്കും തമ്മിൽ പരസ്പരം അറിയില്ലെന്നതും അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണിൽപൊടിയിട്ട് ലഹരി വിൽപന നടത്താൻ സംഘത്തെ സഹായിച്ചു. എന്നാൽ 6 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ എഡിസനെ പിടികൂടുകയായിരുന്നു.
