തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനു ഗവർണർ പങ്കെടുത്ത സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയ കേരള സർവകലാശാല റജിസ്ട്രാർ കെ.എസ്. അനിൽ കുമാറിന് സസ്പെൻഷൻ. ഗവർണർ രാജേന്ദ്ര ആർലേക്കറോടു അനാദരവ് കാണിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിന്റെ നടപടി. ജൂൺ 25ന് സർവകലാശാല സെനറ്റ് ഹാളിൽ ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ എന്ന പരിപാടിയിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാൽ മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന സർവകലാശാല ചട്ടങ്ങൾ ചൂണ്ടിക്കാട്ടി അനിൽ കുമാർ പരിപാടി റദ്ദാക്കുകയായിരുന്നു. എന്നാൽ പരിപാടി ഉപേക്ഷിക്കാൻ സംഘാടകർ തയാറായില്ല. കെ.എസ്.യു, എസ്എഫ്ഐ പ്രതിഷേധങ്ങൾക്കിടെ ഗവർണറും പരിപാടിയിൽ പങ്കെടുത്തു.ഗവർണർ വേദിയിലെത്തി ദേശീയ ഗാനം പാടുന്നതിനിടെയാണ് അനിൽകുമാർ പരിപാടി റദ്ദാക്കുന്നതായി അറിയിച്ചതെന്ന് ഉൾപ്പെടെ വിസി തയാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ തള്ളിയ അനിൽകുമാർ നടപടിയെ നിയമപരമായി നേരിടുമെന്ന് പ്രതികരിച്ചു. ഗവർണർ വരുന്നതിനു മുൻപേ പരിപാടി റദ്ദാക്കുന്നതിനെക്കുറിച്ച് വിസിയെ അറിയിച്ചിരുന്നു. ഇതിന്റെ തെളിവുകൾ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടപടി ചോദ്യം ചെയ്ത് അനിൽകുമാർ നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.
