തിരുവനന്തപുരം: യന്ത്ര തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35നെ പരസ്യത്തില്‍ ഉള്‍പ്പെടുത്തി കേരള ടൂറിസം വകുപ്പ്. ഒരിക്കല്‍ വന്നാല്‍ തിരിച്ചു പോകാന്‍ തോന്നില്ലെന്ന ക്യാപ്ഷനൊപ്പം വിമാനത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പുതിയ പരസ്യം പുറത്തിറക്കിയത്.
‘കേരളം സുന്ദരമായ പ്രദേശമാണ്. എനിക്ക് തിരിച്ചു പോകണ്ട, തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു’ എന്ന് വിമാനം അഭിപ്രായപ്പെടുന്നതും 5 സ്റ്റാറുകള്‍ നല്‍കുന്നതുമാണ് ടൂറിസം വകുപ്പ് പങ്കുവച്ച പോസ്റ്ററിലുള്ളത്.
അറബിക്കടലില്‍ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍ നിന്നു പറന്നുയര്‍ന്ന വിമാനം ഇന്ധനക്കുറവുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 14ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. അടിയന്തര ലാന്‍ഡിങ്ങിനിടെ ഉണ്ടായ യന്ത്രതകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിമാനം തിരുവനന്തപുരത്ത് കുടുങ്ങുകയായിരുന്നു. വിമാനം നന്നാക്കാന്‍ വിദഗ്ധ സംഘം ഈയാഴ്ച തന്നെ തിരുവനന്തപുരത്തെത്തും. 40 അംഗ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതിക വിദഗ്ധരുടെ സംഘമാകും എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
