തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. ഇപ്പോള്‍ നല്‍കി വരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സിആര്‍ആര്‍ടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ ചികിത്സയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിലാണ് വിഎസ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്.യു.ടി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഏഴ് സ്‌പെഷലിസ്റ്റുകള്‍ അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘം സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശം അനുസരിച്ച് എസ് യുടി ആശുപത്രിയില്‍ എത്തി വി എസ് അച്യുതാനന്ദനെ പരിശോധിക്കുകയും അദ്ദേഹത്തിന് ലഭിക്കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ആശുപത്രി സന്ദര്‍ശിച്ചു. വിഎസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ച്ചയായ ഡയാലിസിസ് ഇന്നുമുതല്‍ തുടങ്ങും. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി പ്രതികരിച്ചു.
