കൊച്ചി: തായ്ലൻഡിൽ നിന്ന് വന്യജീവികളുമായെത്തിയ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ ജോബ്സൺ ജോയ്, ഭാര്യ ആര്യമോൾ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 3 മർമോസെറ്റ് കുരങ്ങുകൾ, 2 ടാമറിൻ കുരങ്ങുകൾ, ഒരു മക്കാവു തത്ത എന്നിവയെയാണ് ഇവർ കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച പുലർച്ചെ ബാങ്കോക്കിൽ നിന്നുള്ള തായ് എയർവേയ്സ് വിമാനത്തിലാണ് ഇവരെത്തിയത്. ബാഗിൽ പ്രത്യേക പെട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃഗങ്ങൾ. ഇവയ്ക്ക് വിപണിയിൽ ലക്ഷക്കണക്കിനു രൂപയുടെ മൂല്യമുണ്ട്. പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മർമോസെറ്റ് കുരങ്ങുകൾക്ക് മാത്രം വില ഏതാണ്ട് 3 ലക്ഷമാണ്. ഇവയെ ആർക്കു കൈമാറാൻ എത്തിച്ചതാണെന്നത് ഉൾപ്പെടെ പരിശോധിച്ച് വരികയാണ്. പ്രതികളെയും മൃഗങ്ങളെയും വനം വകുപ്പിന് കൈമാറി.
