കാസര്‍കോട്: കണ്ണൂര്‍, വളപട്ടണം പുഴയില്‍ യുവതിക്കൊപ്പം ചാടിയ യുവാവിനെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്സും കോസ്റ്റല്‍ പൊലീസും വളപട്ടണം പൊലീസും തെരച്ചില്‍ തുടരുന്നു.
ഞായറാഴ്ച രാത്രിയാണ് ബേക്കല്‍, പനയാല്‍, പെരിയാട്ടടുക്കത്തെ രാജേഷ് എന്ന രാജു(35)വും ഭര്‍തൃമതിയായ യുവതിയും പുഴയില്‍ ചാടിയത്. ശക്തമായ കുത്തൊഴുക്കിലും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. തന്റെ കൂടെ രാജുവും ഒന്നിച്ച് പുഴയില്‍ ചാടിയെന്ന് സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളോട് യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകുന്നേരം ശക്തമായ കാറ്റ് വീശി തുടങ്ങിയതോടെ നിര്‍ത്തിവച്ച തെരച്ചില്‍ ചൊവ്വാഴ്ച രാവിലെ പുനഃരാരംഭിച്ചിട്ടുണ്ട്.
ഭര്‍തൃമതിയായ യുവതിയും രാജുവും അടുപ്പത്തിലായിരുന്നു. ഞായറാഴ്ച രാവിലെ എട്ടുമുതല്‍ യുവതിയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഇതു സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് യുവതിയെ വളപട്ടണം പുഴയില്‍ നിന്നു രക്ഷപ്പെടുത്തിയത്. രാജുവിനെ കാണാതായത് സംബന്ധിച്ചു ബേക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിനു വിട്ടു. ഇതേ തുടര്‍ന്ന് യുവതി മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം പോയി.
ഞായറാഴ്ച രാവിലെ ബൈക്കിലാണ് വീട്ടില്‍ നിന്നു പോയതെന്നും പിന്നീട് പള്ളിക്കര ബീച്ച് പാര്‍ക്കില്‍ പോയെന്നും അവിടെ നിന്നു കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറി വളപട്ടണത്തേക്കു പോയെന്നും രാത്രി 12 മണിയോടെയാണ് പുഴയില്‍ ചാടിയതെന്നുമാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. ഇതു അനുസരിച്ചാണ് രാജുവിനെ കണ്ടെത്താന്‍ വളപട്ടണം പുഴയില്‍ തെരച്ചില്‍ തുടരുന്നത്.
