കോട്ടയം: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ മോഷ്ടിച്ചതിനു റെയിൽവേ പൊലീസ് പിടികൂടിയ പ്രതി ജയിൽചാടി. അസം സ്വദേശി ബാബുവെന്ന അമിനുൾ ഇസ്ലാം (20) ആണ് കോട്ടയം ജില്ലാ ജയിലിൽ നിന്നു രക്ഷപ്പെട്ടത്.
ഇന്ന് വൈകിട്ട് 3നാണ് ജയിൽ ചാട്ടം നടന്നത്. ജയിൽ ചാടുമ്പോൾ മുണ്ട് മാത്രമേ ധരിച്ചിരുന്നുള്ളൂ. ഞായറാഴ്ച രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച ഇയാളെ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് കോട്ടയത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതോടെയാണ് കോട്ടയം ജില്ലാ ജയിലിൽ എത്തിച്ചത്.
