കോഴിക്കോട്: ഏലത്തൂരിൽ അജൈവ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമ സേനാംഗമായ യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച വീട്ടുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. പുതിയോട്ടുംകണ്ടി അലി ഹാജിക്കെതിരെയാണ് ഏലത്തൂർ പൊലീസ് കേസെടുത്തത്. ഏലത്തൂർ കോട്ടേടത്ത് ബസാറിൽ ജൂൺ 9നാണ് കേസിനാസ്പദമായ സംഭവം. മാലിന്യം ശേഖരിക്കുന്നതിനായി അലിയുടെ വീട്ടിലെത്തിയതായിരുന്നു യുവതി. ഇതിനിടെ വിധവയായി വന്നാൽ താൻ ചെലവ് നോക്കി കോളാമെന്ന് ഇയാൾ പറയുകയായിരുന്നു. പിന്നാലെ യുവതി കോഴിക്കോട് കോർപറേഷന് അലിക്കെതിരെ പരാതി നൽകി. കോർപറേഷൻ അധികൃതർ ഇതു ഏലത്തൂർ പൊലീസിനു കൈമാറുകയായിരുന്നു. സത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ സംസാരിച്ചെന്ന കുറ്റമാണ് അലിക്കെതിരെ ചുമത്തിയിട്ടുള്ളത്.
