തൃശൂർ: ചേലക്കര താലൂക്ക് ആശുപത്രിയിൽ കാലിൽ മരക്കൊമ്പ് കൊണ്ടതിനു ചികിത്സ തേടിയ ആളുടെ കാലിൽ നിന്ന് 5 മാസത്തിന് ശേഷം മരക്കഷണം കണ്ടെത്തി. പങ്ങാരപ്പള്ളി സ്വദേശി ചന്ദ്രന്റെ തുന്നിക്കെട്ടിയ മുറിവിൽ നിന്നാണ് മരക്കഷണം കണ്ടെത്തിയത്.
കഴിഞ്ഞ ജനുവരിയിലാണ് കാലിന് പരുക്കേറ്റ് ചന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടിയത്. കമ്പ് തറച്ച് മുറിവുണ്ടായതാണെന്നും മാരകമല്ലെന്നും ചൂണ്ടിക്കാട്ടി തുന്നിക്കെട്ടി വിട്ടു. എന്നാൽ കാൽ വേദനയും നീരും തുടർന്നു. തുന്നിക്കെട്ടിയ ഭാഗം മുഴച്ചു നിന്നു. ഇതോടെ കൂലിപ്പണിക്കാരനായ ചന്ദ്രന് പല ദിവസങ്ങളിലും പണിക്കു പോകാനും കഴിയാതെ വന്നു. വേദന തുടർന്നതോടെ കഴിഞ്ഞ ദിവസം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി. പരിശോധിച്ച ഡോക്ടർമാർ ശസ്ത്രക്രിയ നടത്തണമെന്ന് നിർദേശിച്ചു. തുടർന്ന് കാലിലെ മുഴ കീറിയപ്പോഴാണ് രണ്ടിഞ്ചോളം വലിപ്പമുള്ള മരക്കഷണം കണ്ടെത്തിയത്.
