സങ്കല്‍പ ലോകമല്ലീയുലകം

അമ്മ എന്നും രാവിലെ എനിക്ക് കാച്ചിയ പാല്‍ തരും. പാല്‍ കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്? അമ്മ പറയുന്നു: എന്നും പാല്‍ കുടിച്ചാല്‍ ഞാന്‍ അച്ഛനോളം വലുതാകുമെന്ന്.
പണ്ടൊരു കുട്ടി പറഞ്ഞത്. ഇപ്പോള്‍ നമ്മുടെ അംഗന്‍വാടികളില്‍ അമ്മയല്ല ടീച്ചറാണ് കരയുന്നത്. കുട്ടികള്‍ പാല്‍ കുടിക്കാത്തതുകൊണ്ടല്ല, എങ്ങനെ പാലും മുട്ടയും മുടങ്ങാതെ കൊടുക്കും? മുട്ട ബിരിയാണിയും കൊടുക്കണം. സര്‍ക്കാരിന്റെ പോഷക ബാല്യം പദ്ധതി പ്രകാരമുള്ള നിര്‍ദ്ദേശമാണ്: ശരീരപുഷ്ടിയോടെ ബാല്യം പിന്നിടാം, യൗവനത്തിലേക്ക് പോകാം.
കൊതി തോന്നുന്നു. അംഗന്‍വാടി മെനു -അങ്കണവാടികളില്‍ വിതരണം ചെയ്യേണ്ട ഭക്ഷ്യ വിഭവങ്ങളുടെ പട്ടിക- അത് പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, അല്ലെങ്കില്‍ മുട്ട പുലാവ്, അതുമല്ലെങ്കില്‍ വെജിറ്റബിള്‍ പുലാവ് ഓരോ ദിവസവും മാറിമാറി വിളമ്പണം കുട്ടികള്‍ക്ക്. പോഷക ബാല്യം പദ്ധതി നല്ലത് തന്നെ. പക്ഷേ, അത് തയ്യാറാക്കുന്നതിനുള്ള വിഭവങ്ങളോ? കുറുവ അരിയാണത്രേ നല്‍കുന്നത്. കുറുവാ അരി കൊണ്ട് ബിരിയാണിയും പുലാവും ഉണ്ടാക്കാന്‍ സാധ്യമല്ല എന്ന് പറയുന്നു. വേറെ അരി വാങ്ങേണ്ടിവരും. അതിനുള്ള പണമോ? ബിരിയാണിയും പുലാവും ഒഴിവാക്കാന്‍ പാടില്ല. സര്‍ക്കാരിന്റെ ഉത്തരവ് ലംഘിക്കാന്‍ പാടില്ലല്ലോ. മുകളില്‍ നിന്നും ചോദ്യമുണ്ടാവും. നിലവിലുള്ള രീതി ഇങ്ങനെ: പച്ചക്കറിയും മസാലക്കൂട്ടുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അംഗന്‍വാടി ജീവനക്കാര്‍ നേരിട്ട് വാങ്ങും. പണം സര്‍ക്കാര്‍ നല്‍കും. ഒരു കുട്ടിക്ക് അഞ്ചു രൂപ നിരക്കില്‍. കടത്തു കൂലി-ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്- ഒരു കുട്ടിക്ക് ഒരു രൂപ നിരക്കില്‍ വേറെയും അനുവദിക്കും. സ്ഥിരമായി ഒരേ നിരക്കില്‍ മതിയാകുമോ? പച്ചക്കറിക്കും മറ്റും വിലനിരക്ക് സ്ഥിരമായി നില്‍ക്കുകയില്ല; മാറിമാറി വരും. അനുഭവസ്ഥര്‍ പറയുന്നു. അപ്പോള്‍?
മുട്ടയുടെ കാര്യമോ? അന്നന്നേക്കാവശ്യമായ മുട്ട അന്നന്ന് വാങ്ങണം. കൂടുതല്‍ എത്തിച്ചാല്‍ കേടായിപ്പോകും. എന്തെങ്കിലും കാരണവശാല്‍ ഒരു ദിവസം കുറെ കുട്ടികള്‍ അംഗന്‍വാടിയില്‍ വരാതിരുന്നാല്‍, അവര്‍ക്ക് വേണ്ടി വാങ്ങിയ മുട്ട? പ്രാദേശിക വിപണിയില്‍ നിന്ന് മുട്ട വാങ്ങാന്‍ അനുവാദമില്ലത്രെ.
വെജിറ്റബിള്‍ ബിരിയാണി, ലെമണ്‍ റൈസ്, പുലാവ് പായസം-പോഷക ബാല്യം ഉറപ്പാക്കാനുള്ള വിഭവങ്ങള്‍.
258 ഐസിഡിഎസ് പ്രോജക്ടിന് കീഴില്‍, 33, 120 അംഗന്‍വാടികളുണ്ട്. എല്ലാ അംഗന്‍വാടികളിലും കൂടി 2.90 ലക്ഷം കുട്ടികള്‍. ഇത്രയും പേര്‍ക്ക് ഒരു കൊല്ലം 52 ആഴ്ച-ആഴ്ചയില്‍ മൂന്ന് ദിവസം മുട്ട. അതേ ക്രമത്തില്‍ പാലും നല്‍കണം. പാലിന് 33.93 കോടി രൂപ. മുട്ടയ്ക്ക് 45.24 കോടി രൂപ. ആകെ രണ്ടിനും കൂടി 79.17 കോടി രൂപ. കൂടാതെ ആകസ്മിക ചെലവിലേക്കായി 78 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടിരുന്നു. വനിതാ-ശിശു വികസന വകുപ്പ്. എന്നാല്‍ സര്‍ക്കാര്‍ അതനുവദിച്ചിട്ടില്ല എന്നാണ് പത്രറിപ്പോര്‍ട്ടില്‍ കണ്ടത്.
ഇതിനുപുറമേ, പാചക ചെലവ്: പാചകവാതകം, കടത്തു കൂലി, പാചകത്തൊഴിലാളിയുടെ വേതനം- ഇത്യാദികളും. അംഗന്‍വാടികളില്‍ മാത്രമല്ല, ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും സമാന പ്രശ്നങ്ങളും പ്രതിസന്ധിയും. ആവശ്യമായ പണം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട് എന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, സ്ഥാപനങ്ങളിലേക്ക് എത്തുന്നില്ല യഥാസമയം. വര്‍ഷാവസാനമാകും കയ്യിലെത്താന്‍. അപ്പോള്‍ കൊടുത്താല്‍ മതിയോ, പച്ചക്കറി, പാല്‍, മുട്ട കച്ചവടക്കാര്‍ക്ക്? പാചക തൊഴിലാളികള്‍ക്കും?
പദ്ധതിയുടെ പേരില്‍ ആരും ഒട്ടും ആശങ്കപ്പെടേണ്ടതില്ല എന്ന് പറയുന്നു വിദ്യാഭ്യാസ മന്ത്രി. മറ്റു മന്ത്രിമാരും ഇതുതന്നെ പറയും. ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പ്രതിമാസം ശമ്പളം-ഒന്നാം തീയതി തന്നെ മുടങ്ങാതെ, നല്‍കുന്നില്ലേ എന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പരാതിപ്പെട്ടവരോട് തിരിച്ചു ചോദിക്കുന്നുണ്ട്. തല്‍ക്കാലാവശ്യങ്ങള്‍ക്ക് വേണ്ട തുക തങ്ങളുടെ ശമ്പളത്തില്‍ നിന്ന് എടുക്കണം. സര്‍ക്കാര്‍ അനുവദിക്കുമ്പോള്‍ മുടക്കു പണം കയ്യിലെത്തില്ലേ? ബാധ്യത വരുന്നില്ലല്ലോ-മന്ത്രിയുടെ ന്യായവാദം.
സര്‍ക്കാര്‍ ഓരോ കാലത്ത് പ്രഖ്യാപിക്കുന്ന വികസന പദ്ധതികള്‍ക്ക് ഫണ്ട് കിട്ടുന്നില്ല; പദ്ധതി നിര്‍വഹണം വൈകുന്നു എന്ന് കേള്‍ക്കാറുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല എന്നും. വകുപ്പ് മന്ത്രിമാര്‍ ആരെങ്കിലും തങ്ങളുടെ പ്രതിമാസ വേതനത്തില്‍ നിന്ന് അങ്ങോട്ട് പണം നീക്കി വെക്കാറുണ്ടോ? ധനകാര്യ മന്ത്രി പ്രഖ്യാപിക്കുന്ന ശമ്പള വര്‍ധന, കുടിശിക-ഇത്യാദികള്‍ അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് യഥാസമയം കാലതാമസം കൂടാതെ, ലഭ്യമാകുന്നുണ്ടോ? കുടിശ്ശിക പിന്നെയും കുടിശികയായി പെരുകുന്നു. എന്നാല്‍ ധനമന്ത്രിയുടെ ശമ്പളവും അലവന്‍സും കുടിശ്ശികയാകാറുണ്ടോ? കേട്ടിട്ടില്ല ഇതുവരെ. മന്ത്രി മനസ്സിലാക്കണം: ഹെഡ്മാസ്റ്റര്‍ക്ക് ശമ്പളം നല്‍കുന്നത് അവരുടെ കുടുംബ ചെലവുകള്‍ നിര്‍വഹിക്കാന്‍ വേണ്ടിയാണ്. അംഗന്‍വാടി ടീച്ചര്‍മാര്‍ക്ക് തുച്ഛമായ അലവന്‍സ് നല്‍കുന്നതും പോഷക ബാല്യം പദ്ധതിക്ക് വേണ്ടിയല്ല.
പോഷകബാല്യം സമ്പുഷ്ട യൗവനം-എല്ലാം നല്ലതുതന്നെ. എന്നാല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന മന്ത്രിമാര്‍ അറിയുക: സങ്കല്‍പ ലോകമല്ല നിങ്ങള്‍ വാഴുന്നത്. വിവേകം-വകതിരിവ്-കൈമോശം വന്നാല്‍…

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page