തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ ചന്ദ്രശേഖര്‍ 1991 ബാച്ച് ഐപിഎസു കാരനാണ്. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയരക്ടറാണ്. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് റവാഡയെ പുതിയ ഡിജിപിയായി നിയമിക്കാനുള്ള തീരുമാനമുണ്ടായത്. നിലവിലെ മേധാവി
ഷേയ്ഖ് ദര്‍വേഷ് സാഹേബ് തിങ്കളാഴ്ച വൈകുന്നേരം വിരമിക്കും. പുതിയ നിയമനത്തില്‍ സന്തോഷമുണ്ടെന്നാണ് നിയുക്ത ഡിജിപിയുടെ ആദ്യ പ്രതികരണം. തലശേരി എ.എസ്.പി ആയാണ് റവാഡ കേരള പൊലീസ് സര്‍വീസ് ആരംഭിച്ചത്. ഈ സമയത്താണ് കൂത്തുപറമ്പ് വെടിവെപ്പ് സംഭവം ഉണ്ടായതും അഞ്ചു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും. ഇതേ തുടര്‍ന്ന് റവാഡയെ സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് സര്‍വീസില്‍ തിരിച്ചെത്തി വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്ര സര്‍വീസിലേക്ക് പോയി. സീനിയോറിറ്റിയും സര്‍വീസ് രേഖകളും ഐബി റിപ്പോര്‍ട്ടും പരിശോധിച്ച് യു.പി.എസ്.സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ നിന്നാണ് രണ്ടാം റാങ്ക് കാരനായ റവാഡയെ പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്.
