തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം യുപിഎസ്സി ചുരുക്കപട്ടികയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കും. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖറിനാണ് മുൻതൂക്കം. ഇന്ന് ഡൽഹിയിൽ നിന്നു തിരുവനന്തപുരത്ത് എത്താൻ ചന്ദ്രശേഖറിനോടു സംസ്ഥാന സർക്കാർ നിർദേശിച്ചതായി റിപ്പോർട്ടുണ്ട്.റോഡ് സുരക്ഷാ കമ്മിഷണറായ നിതിൻ അഗർവാൾ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്സി ചുരുക്ക പട്ടികയിലുള്ളത്. നിലവിലെ പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പകരക്കാരനെ നിയമിക്കുന്നത്.1994ൽ 5 ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്പ്പിനു ഉത്തരവിട്ട ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. കേസിൽ പ്രതി ചേർക്കപ്പെട്ട ചന്ദ്രശേഖറിനെ 2012ൽ കുറ്റവിമുക്തനാക്കിയിരുന്നു. ഇതു സിപിഎമ്മിൽ നിന്നു എതിർപ്പിനു കാരണമായാൽ നിതിൻ അഗർവാളിനു നറുക്ക് വീണേക്കും. പട്ടികയ്ക്കു പുറത്ത് ഒരാളെ തീരുമാനിച്ചാൽ മനോജ് ഏബ്രഹാമിനാണ് സാധ്യത.
