കോട്ടയം: ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് വിവരം. കൂടപ്പുലം തെരുവയില്‍ വിഷ്ണു എസ്.നായര്‍ (36), ഭാര്യ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് രശ്മി സുകുമാരന്‍ (35) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വാടക വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ബ്ലേഡ് മാഫിയ സംഘങ്ങള്‍ എത്തി വിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ആശുപത്രി ഹോസ്റ്റലില്‍ താമസിക്കുന്ന രശ്മിയെ അവിടെയെത്തി ചിലര്‍ അവഹേളിച്ചതായും ബന്ധുക്കള്‍ പറയുന്നു. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോഴാണ് ബ്ലേഡുകാരില്‍ നിന്ന് പണം വാങ്ങിയത്. യൂത്ത് കോണ്‍ഗ്രസിന്റെ രാമപുരം മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു വിഷ്ണു. ഇവര്‍ താമസിക്കുന്ന പനയ്ക്കപ്പാലത്തെ വാടക വീടിനുള്ളിലെ കിടപ്പുമുറിയിലാണ് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിടപ്പുമുറിയ്ക്കുള്ളില്‍ കെട്ടിപിടിച്ച നിലയിലാണ് മൃതദേഹം ലഭിച്ചത്. ഇവരുടെ കൈകള്‍ ടേപ്പ് ഉപയോഗിച്ച് കൂട്ടിക്കെട്ടിയിട്ടുണ്ട്. സമീപത്തു നിന്നും സിറിഞ്ചും ലഭിച്ചിട്ടുണ്ട്. വിഷം കുത്തിവച്ച് ആത്മഹത്യചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം.
