തിരുവനന്തപുരം: സ്‌കൂളില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണെന്നും അക്കാദമിക കാര്യങ്ങളില്‍ ആജ്ഞാപിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സൂമ്പ വിഷയത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സൂമ്പയെ വിമര്‍ശിക്കുന്നവര്‍ കായിക ലോകത്തെ മുഴുവന്‍ ആക്ഷേപികയാണ്. ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വര്‍ഗീയ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത വിധം അഭിപ്രായം പറഞ്ഞാല്‍ അത് അംഗീകരിക്കില്ല. എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കുമെന്നും അഭിപ്രായം പറയുന്നവരോട് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളിലും ന്യായമായും ഉചിതമായ ഉള്ള തീരുമാനമാണ് സര്‍ക്കാര്‍ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സൂംബ നടപ്പിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെ സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ വിവിധ സംഘടനങ്ങള്‍ രംഗത്തെത്തിയിരുന്നു. ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായാണ് നമ്മുടെ സ്‌കൂളുകളില്‍ സൂംബ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നുനടത്തുന്ന സൂംബ ധാര്‍മ്മികതയ്ക്ക് നിരയ്ക്കുന്നതല്ല, സൂംബ പരിശീലിക്കുന്നത് കുട്ടികളെ ഡിജെ പാര്‍ട്ടിയിലേക്കും രാസലഹരി ഉപയോഗിക്കുന്നതിലേക്കും വരെ എത്തിക്കുന്നു എന്നതടക്കമുള്ള വാദങ്ങളാണ് വിസ്ഡം ഇസ്ലാമിക ഒര്‍ഗനൈസേഷനും സമസ്തയും എസ്വൈഎസും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉയര്‍ത്തുന്നത്.
