ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് റീൽസ് ചിത്രീകരിക്കാനായി ജലഅതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി കുളിച്ച 3 യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റീൽസ് ചിത്രീകരിക്കുന്നതിനിടെ മൂവരെയും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. തൈക്കാട്ടുശേരി സ്വദേശികളാണ് പിടിയിലായത്. ആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവർ ഇറങ്ങി കുളിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വാട്ടർടാങ്കിനു മുകളിൽനിന്ന് കൂകി വിളിയും വലിയ ശബ്ദവും ശ്രദ്ധയിൽപെട്ടതോടെയാണ് നാട്ടുകാർ ഇടപെട്ടത്. 2 പേർ ടാങ്കിലിറങ്ങി കുളിക്കുകയും ഒരാൾ വിഡിയോ ചിത്രീകരിക്കുകയുമായിരുന്നു. കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തി യുവാക്കളെ തടഞ്ഞുവച്ചു. ഇതിനിടെ യുവാക്കളും നാട്ടുകാരുമായി വാക്കുതർക്കവുമുണ്ടായി. സംഭവത്തിൽ ചേർത്തല നഗരസഭയും വാട്ടർ അതോറിറ്റിയും പരാതി നൽകുന്നതോടെ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.സംഭവത്തെ തുടർന്ന് ടാങ്കിലെ വെള്ളം മുഴുവൻ തുറന്നു വിട്ട ശേഷം വൃത്തിയാക്കി.
