വയനാട്: റീൽസ് ചിത്രീകരണത്തിനിടെ കാരാപ്പുഴ ഡാമിന്റെ റിസർവോയറിലേക്ക് ജീപ്പ് വീണ സംഭവത്തിൽ കർശന നടപടികളുമായി പൊലീസ്. ജീപ്പ് പിടിച്ചെടുത്തതിനൊപ്പം 5 പേർക്കെതിരെ കേസെടുത്തു. മീനങ്ങാടി സ്വദേശി പി.കെ.ഫായിസ്, കോഴിക്കോട് വടകര സ്വദേശികളായ മുഹമ്മദ് റാഹിൽ, മുഹമ്മദ് റജാസ്, മുഹമ്മദ് ഷാനിഫ്, മുഹമ്മദ് ഷാഫി എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. വാഹനത്തിന്റെ ആർസി ക്യാൻസൽ ചെയ്യാൻ മോട്ടോർ വാഹന വകുപ്പിനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ നെല്ലറച്ചാൽ വ്യൂ പോയിന്റിലാണ് സംഭവം. റീൽസ് ചിത്രീകരണത്തിനിടെ വാഹനം ഡാമിലേക്ക് വീഴുകയായിരുന്നു. ജീപ്പ് മുങ്ങാൻ ആഴമുള്ള ഭാഗത്താണ് വീണതെങ്കിലും യുവാക്കൾ തലനാരിഴക്ക് രക്ഷപ്പെട്ടു. വാഹനങ്ങൾക്കു നിയന്ത്രണമുള്ള ഇടത്തേക്ക് അനാവശ്യമായി ജീപ്പ് ഓടിച്ചതിനും കുടിവെള്ളം മലിനമാക്കിയതും ഉൾപ്പെടെ കുറ്റങ്ങളാണ് യുവാക്കൾക്കു മേൽ ചുമത്തിയിട്ടുള്ളത്. ദിവസങ്ങൾക്കു മുൻപ് നെല്ലറച്ചാൽ വ്യൂ പോയിന്റിൽ ട്രാക്ടർ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയതു അപകടങ്ങൾക്കു ഇടയാക്കിയിരുന്നു.
