കണ്ണൂർ: ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കൈക്കലാക്കിയ ശേഷം മാറ്റൊരു വിവാഹം ചെയ്ത് വഞ്ചിച്ചുവെന്ന് കാണിച്ച് തട്ടിപ്പുവീരന്‍ വി.ഫലീലിനെതിരെ തലശേരിയിലെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. തിരുവങ്ങാട്, ചാലില്‍, നായനാര്‍ ഉന്നതിയിലെ പി.വി.സൗജത്ത് (38), ഇവരുടെ ജ്യേഷ്ഠത്തിയുടെ മകള്‍ ഹര്‍ഷിന (20) എന്നിവരാണ് പരാതി നല്‍കിയത്.
2022 ഒക്‌ടോബര്‍ 23 മുതല്‍ രണ്ട് മാസം സൗജത്തും എളമ്പേരത്ത് താമസിക്കുന്ന എടക്കാട് കടമ്പൂര്‍ മമ്മാക്കുന്ന് വാഴയില്‍ ഹൗസില്‍ ഫലീലും ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞിരുന്നു. അതിനിടയില്‍ സൗജത്തിന്റെ പത്ത് പവനും പത്ത് ലക്ഷം രൂപയും ഹര്‍ഷിനയുടെ പത്ത് പവനും അഞ്ച് ലക്ഷം രൂപയും മൂന്ന് മാസം കൊണ്ട് തിരിച്ചുനല്‍കാമെന്ന് പറഞ്ഞ് കൈക്കലാക്കിയ ശേഷം അവ നല്‍കാതെ മറ്റൊരു വിവാഹം ചെയ്തുവെന്നാണ് പരാതി. വിവിധ ജില്ലകളില്‍ നിരവധി പേരിൽ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ പിടിയിലായ ഫലീല്‍ റിമാന്റിലാണ്.
