തൃശൂര്‍: ലഹരിപ്പാര്‍ട്ടിക്കിടയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസുകാരനും പരിക്കേറ്റു. പൊലീസ് വാന്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ആറു പേരെ അറസ്റ്റു ചെയ്തു. രക്ഷപ്പെട്ട അക്രമികള്‍ക്കു വേണ്ടി പൊലീസ് വ്യാപക അന്വേഷണമാരംഭിച്ചു.
ലഹരിപ്പാര്‍ട്ടിക്കിടെയായിരുന്നു അക്രമം. ഒല്ലൂക്കരയിലെ കാട്ടുപറമ്പില്‍ മുഹമ്മദ് അല്‍ത്താഫ് (34), സഹോദരന്‍ അല്‍ അഹദ് (18), നെല്ലിക്കുന്നു പുത്തൂര്‍തറയിലെ ആഷ്മീര്‍ ആന്റണി (24), ചെമ്പുകാവ് മറിയഭവനിലെ ഷാര്‍ണല്‍ (19) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജു എന്നിവര്‍ക്കു പരിക്കേറ്റു. നെല്ലക്കരയില്‍ വാടകത്താമസക്കാരനായ അല്‍ത്താഫും സഹോദരന്‍ അഹദും മാതാവും അഹദിന്റെ പിറന്നാളാഘോഷത്തിനു ലഹരിപ്പാര്‍ട്ടി ഏര്‍പ്പെടുത്തിയിരുന്നു. പാര്‍ട്ടിയില്‍ രണ്ടു കൊലപാതകക്കേസുകളിലെ പ്രതിയായ ബ്രഹ്‌മജിത്തുള്‍പ്പെടെ 15വോളം പേര്‍ പങ്കെടുത്തിരുന്നു. ലഹരിക്കിടയില്‍ അതില്‍ പങ്കെടുത്തവര്‍ തമ്മില്‍ ചേരിതിരിഞ്ഞ് അടി തുടങ്ങിയിരുന്നു. അതു കണ്ടു മക്കള്‍ തന്നെയും കൊന്നേക്കുമെന്നു ഭയന്ന അഹദിന്റെ മാതാവ് പൊലീസിനെ വിളിച്ചു വിവരം അറിയിച്ചു. വിവരമറിഞ്ഞു പൊലീസ് സംഭവസ്ഥലത്തേക്കു കുതിച്ചു. പൊലീസ് എത്തിയപ്പോള്‍ സഹോദരന്മാരായ അല്‍ത്താഫും അഹദും മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു. പൊലീസ് ഇവരെ പിടികൂടുന്നതിനിടെ ചുറ്റും പതിയിരുന്ന സംഘാംഗങ്ങള്‍ പൊലീസിനെ വളഞ്ഞുവച്ച് അക്രമിച്ചു. വടിവാള്‍, ഇരുമ്പുവടി, മറ്റു മാരകായുധങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള അക്രമത്തില്‍ പൊലീസുകാര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അരിശം തീരാഞ്ഞു ഗുണ്ടാസംഘങ്ങള്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ഇതിനിടയില്‍ കൂടുതല്‍ പൊലീസ് സംഘം എത്തിയതോടെ മറ്റ് അക്രമികള്‍ രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടി വ്യാപക അന്വേഷണം ആരംഭിച്ചു.
