തിരുവനന്തപുരം: ലഹരി ഉപയോഗം തടയാൻ അധ്യാപകർക്ക് കുട്ടികളുടെ ബാഗുകൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തേ കുട്ടികളുടെ അന്തസ്സിന് ക്ഷമതേൽപ്പിക്കുന്നതിനാൽ ബാഗ് പരിശോധന ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് തോന്നിയാൽ ബാഗുകൾ പരിശോധിക്കാമെന്നും ഇതിൽ നടപടി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നോ ടു ഡ്രഗ്സ് അഞ്ചാം ഘട്ടത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് പ്രഖ്യാപനം. ലഹരി മാഫിയ വൻ തോതിൽ കുട്ടികളെ ലക്ഷ്യമിടുന്നു. ലഹരി വിൽക്കാൻ കുട്ടികളുമായും യുവാക്കളുമായും ബന്ധം സ്ഥാപിക്കാൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. സൗഹൃദം നടിച്ച് ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. വീട്ടിലെ മോശം സാഹചര്യം കുട്ടികൾ ഇത്തരക്കാരുടെ കെണിയിൽ വീഴാൻ കാരണമാകുന്നുണ്ട്. രക്ഷിതാക്കൾ കുട്ടികൾക്ക് സ്നേഹ പൂർണമായ നിയന്ത്രണം ഏർപ്പെടുത്തണം. മുതിർന്നവർ ലഹരി ഉപയോഗിക്കാതെ കുട്ടികൾക്കു മാതൃകയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരമാസത്തിനിടെ 1.75 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി എക്സൈസ് മന്ത്രി എം.ബി. രാജേഷും അറിയിച്ചു.
