തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതിനെ ചൊല്ലി പ്രതിഷേധം. എസ്എഫ്ഐയും കെ.എസ്.യുവും ഉയർത്തിയ പ്രതിഷേധത്തിനിടെ ഗവർണർ രാജേന്ദ്ര ആർലേക്കർ പരിപാടിയിൽ പങ്കെടുത്തു. ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ എന്ന പരിപാടിയിലാണ് ഭാരതാംബ ചിത്രം പ്രത്യക്ഷപ്പെട്ടത്. സർവകലാശാല ചട്ടങ്ങൾ ലംഘിക്കുന്നതായി ചിത്രം എടുത്തുമാറ്റണമെന്ന് രജിസ്ട്രാർ കെ.എസ്. അനിൽകുമാർ നിലപാട് സ്വീകരിച്ചു. എന്നാൽ പരിപാടി ഉപേക്ഷിച്ചാലും ചിത്രം ഒരു കാരണവശാലും റദ്ദാക്കില്ലെന്ന് സംഘാടകരും വ്യക്തമാക്കി. ഇതിനിടെയാണ് എസ്എഫ്ഐ, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സെനറ്റ് ഹാളിലേക്കു തള്ളിക്കയറിയ കെ.എസ്.യു. പ്രവർത്തകരും സംഘാടകരും തമ്മിൽ സംഘർഷമുണ്ടായി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കിയതിനു ശേഷമാണ് പരിപാടി ആരംഭിച്ചത്. ഹാളിനു പുറത്താണ് എസ്എഫ്ഐ പ്രവർത്തകർ തമ്പടിച്ചിരുന്നത്. ഗവർണറുടെ വഴി തടയില്ലെന്നും പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ പ്രവർത്തകർ വ്യക്തമാക്കി.
അതിനിടെ കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ ബാനർ ഉയർത്തി.
