നിലമ്പൂര്‍ തോല്‍വി; സിപിഎമ്മിനും ഇടതുമുന്നണിക്കും വര്‍ധിത വീര്യത്തോടെ തിരിച്ചുവരാനുള്ള അവസരം

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ പരാജയം സിപിഎമ്മിനും ഇടതു മുന്നണിക്കും ശക്തമായ താക്കീതായിരിക്കുന്നു.
ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനു ശക്തമായ സംഘടനാ ചട്ടക്കൂടും പ്രവര്‍ത്തന ശൈലിയും അനിവാര്യമാണെന്നാണ് തിരഞ്ഞെടുപ്പിലൂടെ വോട്ടര്‍മാര്‍ നല്‍കിയ മുന്നറിയിപ്പ്. ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശക്തമായ സാന്നിധ്യമായി ഇടതുമുന്നണി മാറണമെന്ന മുന്നണിയിലെ പ്രമുഖ രണ്ടാം കക്ഷിയായ സിപിഐയുടെ ആവശ്യത്തിനു തിരഞ്ഞെടുപ്പു ഫലം ശക്തി പകരും.
തിരഞ്ഞെടുപ്പു പ്രചരണത്തിനു നാലു ദിവസം നിലമ്പൂരില്‍ തമ്പടിച്ചു മുഖ്യമന്ത്രി നടത്തിയ നേതൃത്വപരമായ ഇടപെടലിനു സമ്മതിദായകരെ സ്വാധീനിക്കാനായില്ലെന്നതു തിരഞ്ഞെടുപ്പു ഫലത്തോടെ വ്യക്തമായിരിക്കുകയാണ്.പഞ്ചായത്തുതല പ്രചരണത്തിനു മന്ത്രിമാരും എം.എല്‍.എമാരുമായിരുന്നു ഇടതുമുന്നണിക്കു വേണ്ടി ചുക്കാന്‍ പിടിച്ചിരുന്നത് എന്നതു കൊണ്ടു പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രിസഭക്കും ഒഴിഞ്ഞുമാറാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഫലത്തില്‍ ഭരണത്തിന്റെയും നേതൃത്വത്തിനെക്കുറിച്ചുമുള്ള വിലയിരുത്തലും സമ്മതിദായകര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ചുവെന്നു കരുതേണ്ടി വരുന്നു. സംഘടനാപരമായി സിപിഎം നേതൃത്വത്തിനെയും തിരഞ്ഞെടുപ്പുഫലം ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. വോട്ടെടുപ്പു ദിവസം രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി പ്രകടിപ്പിച്ച ആര്‍എസ്എസ് ചങ്ങാത്ത അനുഭവവിവരണവും അതിനു മുഖ്യമന്ത്രി പാര്‍ട്ടി നയം വ്യക്തമാക്കിക്കൊണ്ടു നടത്തിയ തിരുത്തലും സംഘടനാ നേതൃത്വത്തിന് അടിയന്തിര ചികിത്സ അനിവാര്യമായിട്ടുണ്ടെന്ന തോന്നല്‍ സാധാരണ ജനങ്ങളില്‍ ഉണ്ടാക്കിയിരുന്നു.
മുന്നണി തലത്തില്‍ സി പി എമ്മിന്റെ വല്യേട്ടന്‍ നിലപാടുകള്‍ക്കെതിരെ സി പി ഐ അണികളില്‍ പുകഞ്ഞു കൊണ്ടിരുന്ന അമര്‍ഷം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലത്തോടെ മറ നീക്കി പുറത്തുവന്നുകൂടെന്നില്ല എന്ന സ്ഥിതിയുമുണ്ടാക്കുന്നുണ്ട്. സത്യസന്ധമായ തിരുത്തല്‍ നടപടി മുന്നണി തലത്തില്‍ ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ മുന്നണി സംവിധാനത്തിനു വരെ ആഘാതമുണ്ടായേക്കുമെന്നും പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വിജയിച്ചിരുന്നെങ്കില്‍ സി പി എമ്മിനും ഇടതു മുന്നണിക്കും ഉണ്ടായേക്കാമായിരുന്ന അപ്രമാദിത്വം ഇരു സംവിധാനങ്ങളെയും കൂടുതല്‍ ദുഷിപ്പിക്കുമായിരുന്നെന്നു കരുതുന്നവരും ഉണ്ട്. പരാജയം ഈ തലങ്ങളില്‍ ശക്തമായ തിരുത്തലിനു വഴിതെളിക്കുമെന്നാണ് അക്കൂട്ടരുടെ പ്രതീക്ഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page