മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 9 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആര്യാടന് ഷൗക്കത്ത് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 6500 ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഷൗക്കത്ത് മുന്നേറുകയാണ്. എല്‍ഡിഎഫിലെ എം.സ്വരാജ് രണ്ടാമതും, സ്വതന്ത്രസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ മൂന്നാമതുമാണ്. 9 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ അന്‍വറിന് പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ചു. നാലായിരത്തില്‍ പരം വോട്ടുകളുമായി എന്‍ഡിഎ സ്ഥാനാര്‍ഥി പിന്നാലെയുണ്ട്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് പഞ്ചായത്തില്‍ ഏകദേശം മൂവായിരം വോട്ടുകളുടെ ലീഡാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 1449 വോട്ടുകളുടെ ലീഡാണ് ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ ഷൗക്കത്ത് നേടിയത്.
