കൊച്ചി: ഫോർട്ട് കൊച്ചിയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ നിലവിലെ ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് കുത്തി പരുക്കേൽപിച്ചു. ഫോർട്ട് കൊച്ചി സൗത്ത് ലോക്കൽ കമ്മിറ്റിയിലെ വേളി ബ്രാഞ്ച് മുൻ സെക്രട്ടറി റൂഫസ് ഫെർണാണ്ടസിനാണ് കുത്തേറ്റത്. നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറി ബിന്ദുവിന്റെ ഭർത്താവ് മുരളിയാണ് ആക്രമണത്തിനു പിന്നിൽ. റൂഫസ് ബിന്ദുവിനെ കളിയാക്കിയതു മുരളി ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്. വയറിന് കുത്തേറ്റ റൂഫസിനെ ആദ്യം കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി. സംഭവത്തിൽ കേസെടുത്ത ഫോർട്ട്കൊച്ചി പൊലീസ് മുരളിയെ കസ്റ്റഡിയിലെടുത്തു.
