കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. 2 ആഴ്ചയ്ക്കുള്ളിൽ ഹാജരാകാൻ നടന് മരട് പൊലീസ് നോട്ടിസ് നൽകുകയായിരുന്നു. സിനിമയുടെ സഹ നിർമാതാക്കളായ സൗബിന്റെ സഹോദരൻ ബാബു ഷാഹിറിനെയും ഷോൺ ആന്റണിയെയും പൊലീസ് പിന്നീട് ചോദ്യം ചെയ്യും.സിനിമയുടെ ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മരട് സ്വദേശി സിറാജ് വലിയതിറ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നേരത്തേ കേസ് റദ്ദാക്കണമെന്ന നിർമ്മാതാക്കളുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പൊലീസ് അന്വേഷണം തുടരാമെന്നും വ്യക്തമാക്കി.സിനിമയ്ക്കായി 7 കോടി രൂപ താൻ മുടക്കിയതായും കരാർ പ്രകാരം ലാഭവിഹിതത്തിന്റെ 40 ശതമാനം തനിക്കു നൽകണെന്നും സിറാജ് ആവശ്യപ്പെടുന്നു. എന്നാൽ സിറാജ് സിനിമയ്ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകിയില്ലെന്നും ഇതു കനത്ത സാമ്പത്തിക നഷ്ടത്തിനു ഇടയാക്കിയതായും നിർമാതാക്കളും വാദിക്കുന്നു. 200 കോടി രൂപയിലധികം കളക്ഷൻ സിനിമയ്ക്കു ലഭിച്ചെന്നാണ് കണക്ക്. എന്നാൽ കളക്ഷൻ കുറച്ചു കാട്ടി സിനിമയുടെ നിർമാതാക്കൾ നികുതി വെട്ടിപ്പു നടത്തിയതായി ആദായനികുതി വകുപ്പും കണ്ടെത്തിയിട്ടുണ്ട്.
