കാസര്‍കോട്: ചെറുവത്തൂര്‍ വീരമല കുന്നിലും വിള്ളല്‍. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ നടന്ന ഡ്രോണ്‍ സര്‍വ്വേയിലാണ് വിള്ളല്‍ കണ്ടെത്തിയത്. കുന്നില്‍ മണ്ണിടിഞ്ഞ് ചിലയിടങ്ങളില്‍ ലംബമായും തിരശ്ചീനമായും വിള്ളലുകളുണ്ടായതായി കണ്ടെത്തി. ഇതു സംബന്ധിച്ച് തഹസില്‍ദാര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് കൈമാറും. സംരക്ഷണത്തിന് പ്രത്യേക നടപടി സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി പ്രമീള, ഹൊസ്ദുര്‍ഗ്, തഹസില്‍ദാര്‍ ടി ജയപ്രസാദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ പിവി തുളസിരാജ്, ഹസാര്‍ഡ് അനലിസ്റ്റ് പി ശില്‍പ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പം വീരമല കുന്നിലെത്തിയിരുന്നു. മട്ടലായി കുന്ന്, ബേവിഞ്ച കുന്ന് എന്നിവിടങ്ങളിലും ഡ്രോണ്‍ സര്‍വ്വേ നടത്തും.







