തിരുവനന്തപുരം: മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനമായ മിൽനയ്ക്കു കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതിയുടേതാണ് നടപടി.
മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതായി കോടതി കണ്ടെത്തുകയായിരുന്നു. മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാൽ ഉത്പന്നങ്ങളും വിൽക്കുന്നതിനും പരസ്യപ്പെടുത്തുന്നതിനും സ്ഥാപനത്തിനു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രൂപ പിഴയ്ക്കു പുറമെ 6% പിഴപലിശയും 8,18,410 രൂപ കോടതി ഫീസും മിൽന നൽകേണ്ടി വരും. വിധിയിൽ സന്തോഷമുണ്ടെന്നും ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന നടപടികൾ ഉണ്ടായാൽ ഇനിയും കർശന നടപടി സ്വീകരിക്കുമെന്നും മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.
