മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരില്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ വോട്ടുതേടുന്ന തിരക്കിലാണ്. കലാശക്കൊട്ടില്‍ പരമാവധി ആവേശം പ്രകടിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍ എല്ലാം. ഇന്ന് അടിയൊഴുക്കുകളുടെ കളമൊരുക്കലും കൂട്ടിക്കിഴിക്കലിന്റെയും ദിനമാണ്. ഇടതും വലതും തമ്മില്‍ നേരിട്ടുള്ള മത്സരത്തിനാണ് നിലമ്പൂരില്‍ കളമൊരുങ്ങിയിരിക്കുന്നതെന്നാണ് പൊതു വിലയിരുത്തല്‍.
നിശബ്ദ പ്രചരണത്തിലെ അടിയൊഴുക്കുകളിലാണ് മുന്നണികള്‍ കണ്ണു വയ്ക്കുന്നത്. മഴയെ അതിജീവിച്ചും പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണികളും പ്രവര്‍ത്തകരും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അന്‍വറും, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മോഹന്‍ ജോര്‍ജും പിടിക്കുന്ന വോട്ടുകളും, നിലമ്പൂരിലെ വിധിയെഴുത്തില്‍ നിര്‍ണായകമാകും. തൃക്കാക്കരയിലും പാലക്കാട്ടും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന് അടുത്ത കേരള ഭരണം ലക്ഷ്യമിട്ടാണ് നിലമ്പൂരില്‍ 34 വര്‍ഷം എം.എല്‍.എയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂര്‍ തിരിച്ചുപിടിക്കാന്‍ ഇറക്കിയത്. വിജയം ഉറപ്പാണെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. 15,000 ത്തില്‍ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. നിലമ്പൂരില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷമായിരുന്നു ഷൗക്കത്തിനെ വെട്ടാന്‍ തക്ക എതിരാളിയായി ഡിവൈഎഫ് ഐ, എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു എം സ്വരാജിനെ ഇടത് പക്ഷം രംഗത്തിറക്കിയത്. സ്വരാജിലൂടെ നിലമ്പൂരില്‍ മാത്രമല്ല കേരളത്തിലും ഭരണത്തുടര്‍ച്ചയാണ് ഇടതുമുന്നണി സ്വപ്നം കാണുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയോടെ സംഘാടകനായി പ്രവര്‍ത്തിച്ച നേതാവിനെ സ്ഥാനാര്‍ഥിയാക്കിയത് തന്ത്രപരമായ നീക്കമായിരുന്നു. കേരളാ കോണ്‍ഗ്രസില്‍നിന്നുള്ള അഡ്വ. മോഹന്‍ ജോര്‍ജാണ് ബിജെപിയുടെ സ്ഥാനാര്‍ഥിയായി അരയുംതലയും മുറുക്കിയിറങ്ങി തെരഞ്ഞെടുപ്പ് രംഗത്തുള്ളത്.
ബിജെപിയുടെ മോഹന്‍ ജോര്‍ജ്ജും എസ് ഡി പിഐയുടെ സാദിഖ് നടുത്തൊടിയും കൂടി കളത്തിലിറങ്ങുന്നതോടെ പോരാട്ടം പൊടിപാറുമെന്നുറപ്പാണ്. ന്യൂനപക്ഷ വോട്ടുകള്‍ തന്നെയാണ് എസ് ഡി പി ഐയുടെ ലക്ഷ്യം. ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യുഡിഎഫും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് ജനം പിന്തുണ നല്‍കുമെന്ന് എല്‍ഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഒന്‍പത് വര്‍ഷത്തെ പിണറായി ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂരിലെ ജനവിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ യോഗങ്ങളില്‍ പ്രസംഗിച്ചിരുന്നു. 2016 ല്‍ 11504 വോട്ട് ഭൂരിപക്ഷം ഉണ്ടായിരുന്ന നിലമ്പൂരില്‍ 2021 ല്‍ പി വി അന്‍വറിന്റെ ഭൂരിപക്ഷം കേവലം 2700 വോട്ടായി ചുരുങ്ങിയിരുന്നു. ഇഞ്ചോടിഞ്ച് മത്സരമാണ് കേരളമൊന്നാകെ നിലമ്പൂരില്‍ കാത്തിരിക്കുന്നത്. ചുങ്കത്തറ, എടക്കര, മൂത്തേടം, കരുളായി, വഴിക്കടവ്, പോത്തുങ്കല്‍, അമരമ്പലം, നിലമ്പൂര്‍ നഗരസഭ എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ വിധി തേടുന്നത്.
ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടിംഗ് സാമഗ്രികളുടെ വിതരണം നടന്നു.
തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മണ്ഡലത്തില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
