തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മാറുന്നത് വരെ ഒഴിവാക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു. കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. കുഡ് ലു രാമദാസ് നഗറിൽ കാണാതായ വീട്ടമ്മയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ജില്ലയിലെ നദികളിൽ ജലനിരപ്പ് ഉയർന്നതിനാൽ രണ്ട് പുഴകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഞ്ചേശ്വരം, മൊഗ്രാൽ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പ്രളയ സാധ്യത കണക്കിലെടുത്ത് അധികൃതരുടെ നിർദ്ദേശാനുസരണം പുഴകളുടെ തീരത്ത് താമസിക്കുന്നവർ മാറി താമസിക്കുവാൻ തയ്യാറാകണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
