കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണം താഴ്ന്നത് ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരമാണ്. ഇറാന് ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് ജിസിസി രാജ്യങ്ങള്‍ മുഖേന അമേരിക്കയെ അറിയിച്ചതാണ് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയത്. ഇന്നു പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയാണ് വില. ഗ്രാമിന് 105 രൂപ കുറഞ്ഞ് 9,200 രൂപയിലെത്തി. ശനിയാഴ്ച സ്വര്‍ണവിലയില്‍ പവന് 200 രൂപ വര്‍ധിച്ചിരുന്നു. തുടര്‍ച്ചയായി നാല് ദിനമാണ് സ്വര്‍ണവില വര്‍ധിച്ചിരുന്നത്. ജൂണ്‍ 13ന് മാത്രം സ്വര്‍ണത്തിന് 1,560 രൂപ കൂടിയിരുന്നു. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14- ാം തീയതിയിലെ 74,560 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞത് ജൂണ്‍ ഒന്നിലെ 71,360 രൂപയുമായിരുന്നു.
ആഗോള സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-ഇന്ത്യന്‍ രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുക.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.
