കാസര്‍കോട്: ചെമ്മനാട് മഹാവിഷ്ണു മൂര്‍ത്തി ദേവസ്ഥാനത്ത് കവര്‍ച്ച. ഓഫീസ് മുറിയുടെ പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന എട്ടു സ്വര്‍ണ്ണ രൂപങ്ങള്‍ കവര്‍ച്ച ചെയ്തു. ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിച്ചതായിരുന്നു സ്വര്‍ണ്ണ രൂപങ്ങള്‍. ചുറ്റമ്പലത്തിനകത്ത് ഉണ്ടായിരുന്ന രണ്ടു സ്റ്റീല്‍ ഭണ്ഡാരങ്ങളും കുത്തിത്തുറന്ന നിലയിലാണ്. ശനിയാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിപ്രകാരം മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മഴക്കാലമായതോടെ മോഷ്ടാക്കളുടെ ശല്യം കൂടാന്‍ സാധ്യതയുണ്ടെന്നു നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.
