കൊച്ചി: കെനിയയിൽ വിനോദയാത്രക്കിടെ ബസ്സപകടത്തിൽ മരിച്ച ഖത്തറിൽ നിന്നുള്ള മലയാളികളുടെ മൃതദേഹങ്ങൾ ഇന്നു കൊച്ചിയിലെത്തും. മൃതദേഹങ്ങളുമായി ഖത്തർ എയർവേയ്സ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടതായി നെയ്‌റോബിയിലെ ഇന്ത്യൻ സമൂഹം അറിയിച്ചു. ഞായറാഴ്ച രാവിലെ 8.45ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. മന്ത്രി പി.രാജീവ് സ്വീകരിക്കും. നോർക്ക റൂട്ട്സിൻ്റെ ആംബുലൻസുകളിൽ മൃതദേഹം അഞ്ചുപേരുടെയും വീടുകളിൽ എത്തിക്കും. നെയ്റോബിയിൽ നിന്നുള്ള വിമാനം ദോഹ വഴിയാണ് വിമാനം കൊച്ചിയിലെത്തുക.മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ (8), തൃശൂർ ഗുരുവായൂർ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ. (ഒന്നര വയസ്സ്) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. ഗീതയുടെ ഭർത്താവ് ഷോജി ഐസക്, മകൻ അബേൽ ഉമ്മൻ ഐസക്, ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭർത്താവ് ജോയൽ കോൺവെ, മകൻ ട്രാവിസ് നോയൽ എന്നിവർ മൃതദേഹങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്. ഇവരെല്ലാം പരിക്കേറ്റ് നെയ്റോബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ, നോർക്ക റൂട്ട്‌സ്, സിയാൽ എന്നിവർ ചേർന്നാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.കെനിയയിലെ കാഴ്ചകൾ കാണാനായി 6-ന് ഖത്തറിൽ നിന്നെത്തിയ 28 അംഗസംഘം ബസ്സിൽ പുറപ്പെട്ടിരുന്നു. 9 ന് വൈകിട്ട് നാലുമണിക്കാണ് അപകടമുണ്ടായത്. കെനിയയിലെ വന്യജീവി വിനോദ സഞ്ചാര കേന്ദ്രമായ മസായ്മാരയിൽ നിന്ന് ന്യാഹുറുവിലെ വെള്ളച്ചാട്ടം കാണാനുള്ള യാത്രക്കിടെയായിരുന്നു അപകടം. യാത്രക്കാർക്ക് പുറമെ ബസ് ഡ്രൈവറും 2 ടൂറിസ്റ്റ് ഗൈഡുകളുമായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തിൽ 23 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ ഒരാൾ വെള്ളിയാഴ്ചയും 9 പേർ ശനിയാഴ്ചയും സുഖം പ്രാപിച്ച് ദോഹയിലേക്ക് മടങ്ങി. അവശേഷിക്കുന്ന 9 പേർ വരും ദിവസങ്ങളിൽ ആശുപത്രി വിടും.
