കാസര്‍കോട്: വിമാനാപകടത്തില്‍ മരിച്ച ഏക മലയാളിയായ രഞ്ജിതയെകുറിച്ച് ഫേസ് ബുക്ക് പോസ്റ്റിന് താഴെ അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ കമന്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി കളക്ടര്‍ എ പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സാധ്യതയൊരുങ്ങി. ഇതിനായി കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ഇന്നു നല്‍കി. നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നുവെന്ന് കളക്ടര്‍ കെ ഇമ്പശേഖരന്‍ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍
പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുന്നതടക്കമുള്ള നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കിയതായി കളക്ടര്‍ അറിയിച്ചു. എ.പവിത്രനെ റവന്യൂ വകുപ്പ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു. റവന്യൂ വകുപ്പിന് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായം രേഖപ്പെടുത്തുകയും സത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പരേതയായ യുവതിയെ കുറിച്ച് കമന്റ് ഇടുകയും ചെയ്തതിനാണ് സസ്പെന്‍ഷന്‍. 2023 ആഗസ്തില്‍ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡന്റ് സമൂഹ മാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ പവിത്രന് എ.ഡി.എം താക്കീത് നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തപെടുത്തിയെന്ന് കാണിച്ച് വി. ഭുവനചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലും സമൂഹ മാധ്യമത്തില്‍ കമന്റുകളോ പോസ്റ്റുകളോ ഇടുമ്പേള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കാണിച്ച് കര്‍ശന താക്കീത് നല്‍കിയിരുന്നതായി കളക്ടര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പവി ആനന്ദാശ്രമം എന്ന ഫേസ്ബുക്ക് ഐ.ഡി വഴി മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ.ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റ് പ്രചരിപ്പിച്ചു. ഈ പരാതിയില്‍ പവിത്രനെ സര്‍വീസില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി ലഘു ശിക്ഷയായ സെന്‍ഷ്വര്‍ നല്‍കി നടപടി തീര്‍പ്പാക്കിയപ്പോള്‍ സര്‍വീസില്‍ പുന പ്രവേശിക്കുകയും ചെയ്തിരുന്നു. അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ കമന്റിട്ട പവിത്രനെ വെള്ളിയാഴ്ച ഉച്ചയോടെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
