കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പ് മാറ്റിയിറക്കിയ സ്വകാര്യ ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരി-നിലമ്പൂര്‍ റൂട്ടില്‍ ഓടുന്ന എ വണ്‍ ബസിനാണ് പിഴ ചുമത്തിയത്. ബസിന്‌റെ ഡ്രൈവറെയും ട്രാഫിക് പൊലീസ് താക്കീത് ചെയ്തുവിട്ടു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. താമരശ്ശേരി പുതിയ ബസ്സ് സ്റ്റാന്റിൽ നിന്നും ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാനായി ബസ്സിൽ കയറിയ താമരശ്ശേരി ഗവ ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ നിർത്താൽ ആവശ്യപ്പെട്ടിട്ടും നിർത്താതെ രണ്ടു കിലോമീറ്റർ അകലെ കുടുക്കിൽ ഉമ്മരം സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. ഇവിടെ നിന്നും ആളൊഴിഞ്ഞ പ്രദേശത്തുകൂടെ തിരികെ നടന്ന് വീട്ടിൽ എത്തിയ വിദ്യാർഥിനി ബന്ധുവിനൊപ്പം താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ബസ്സിന് പിഴ ചുമത്തിയതായും, ഡ്രൈവർക്ക് താക്കീത് നൽകിയതായും ട്രാഫിക് എസ്ഐ സത്യൻ പറഞ്ഞു.
