നിലമ്പൂർ : മലപ്പുറം നിലമ്പൂരിൽ കാട്ടുപ്പന്നിക്കുള്ള കെണിയിൽ നിന്ന് ഷോക്കേറ്റ് പ്രദേശവാസിയായ അബ്ദുൽ റഷീദ് മരിച്ച കേസിൽ 2 പ്രതികളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശികളായ മുടത്തക്കോട് സുഭാഷ്, അനിൽകുമാർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വഴിക്കടവിൽ അനന്തു ഷോക്കേറ്റ് മരിച്ചതിനു സമാനമായിരുന്നു റഷീദിനുണ്ടായ അപകടവും. മേയ് 26നാണ് മുക്കട്ട സ്വദേശി അബ്ദുൽ റഷീദ് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. പിന്നാലെ മുഖ്യപ്രതി അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടന്ന സ്ഥലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അനീഷിന്റെ വീട്ടിൽ നിന്നാണ് കെണി സ്ഥാപിക്കാൻ വൈദ്യുതി എടുത്തത്. 25ന് വൈകുന്നേരം 4 നാണ് പ്രതികൾ തോട്ടിൽ കെണിയൊരുക്കിയത്. രാത്രി 8ന് അനിൽ കുമാറെത്തി വൈദ്യുത കണക്ഷൻ കൊടുത്തു. 26ന് രാവിലെ കെണിക്കു സമീപം റഷീദ് മരിച്ചു കിടക്കുകയായിരുന്നു. മുഴുവൻ പ്രതികളെയും പിടികൂടാത്തതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അറസ്റ്റ്.
