ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റേയും സമാജ്വാദി പാര്‍ട്ടി എംപി പ്രിയ സരോജിന്റേയും വിവാഹനിശ്ചയം ലഖ്നൗവില്‍ നടന്നു. നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. ലഖ്നൗവിലെ ഒരു സ്വകാര്യഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ചടങ്ങില്‍നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. എസ്പി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഭാര്യ ഡിപിംള്‍ യാദവും ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല, രാജ്യസഭാ എംപി ജയാ ബച്ചന്‍ എന്നിവരുടേയും സാന്നിധ്യം ചടങ്ങിലുണ്ടായിരുന്നു. രാഷ്ട്രീയരംഗത്തെ ഒട്ടേറെ പ്രമുഖരും ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തു. ഷെര്‍വാണിയായിരുന്നു റിങ്കുസിങ്ങിന്റെ വേഷം. പിങ്ക് നിറത്തിലുള്ള ലഹങ്കയായിരുന്നു ചടങ്ങില്‍ പ്രിയാ സരോജ് ധരിച്ചത്.
പ്രിയയും റിങ്കുവും വിവാഹനിശ്ചയ മോതിരം പ്രദര്‍ശിപ്പിക്കുന്ന മനോഹരമായ ചില വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
