കാസര്‍കോട്: കാഞ്ഞങ്ങാട് പോളിടെക്‌നിക് -റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ വില്‍പനക്കായി കൊണ്ടുവന്ന കര്‍ണാടക നിര്‍മിത മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി എകെസജേഷ്(37) ആണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും മദ്യവും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇവി ജിഷ്ണുകുമാറും സ്ഥലത്തെത്തിയത്. വാഹന പരിശോധനയില്‍ യുവാവ് കുടുങ്ങുകയായിരുന്നു. 18 ലിറ്റര്‍ മദ്യമാണ് സ്‌കൂട്ടറില്‍ നിന്ന് പിടിച്ചെടുത്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ പി രാജീവന്‍, ടി ജയരാജന്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) സി സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ കെവി അനീഷ്, വിഎ അജൂബ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
