തിരുവനന്തപുരം: പത്ത് പേരെ വിവാഹം ചെയ്ത ശേഷം മുങ്ങിയ യുവതി പിടിയില്‍. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(30)യാണ് പൊലീസിന്റെ പിടിയിലായത്. അടുത്ത വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നില്‍ക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ് നടന്നത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്.
45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. ഓണ്‍ലൈനില്‍ വിവാഹ പരസ്യം നല്‍കിയാണ് യുവാക്കളെ വലയില്‍ വീഴ്ത്തുന്നത്.
അവസാനമായി വിവാഹം കഴിക്കാനിരുന്ന പഞ്ചായത്തംഗമാണ് യുവതിയുടെ വിവാഹ തട്ടിപ്പ് കണ്ടെത്തുന്നത്. പഞ്ചാത്തംഗത്തിന്റെ നമ്പര്‍ വിവാഹ ആലോചനക്കായുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ശേഖരിച്ച ശേഷം പെണ്‍കുട്ടിയുടെ മാതാവാണെന്ന് പറഞ്ഞ് മറ്റൊരു സ്ത്രീ വരനെ വിളിക്കുകയായിരുന്നു. പിന്നാലെ ഇരുവരും സംസാരിച്ച കുറച്ച് നാളുകള്‍ക്ക് ശേഷം വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍ യുവതി ഒരു വിവാഹം കഴിച്ചതിന്റെ രേഖ പഞ്ചായത്ത് അംഗം കണ്ടെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു പഞ്ചായത്തംഗവും ബന്ധുവും ചേര്‍ന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
യുവതി നിരവധിപേരെ ഇത്തരത്തില്‍ വിവാഹം കഴിച്ച് കടന്നു കളഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ആര്യനാട് പൊലീസാണ് രേഷ്മയെ പിടികൂടിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
രേഷ്മയ്ക്ക് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസ് പറയുന്നു.
