പത്തനംതിട്ട: അടിച്ചുമാറ്റിയ ഓട്ടോറിക്ഷയിൽ കാമുകിക്കൊപ്പം കുറ്റിപ്പുറത്തുനിന്ന് പത്തനംതിട്ടയിലേക്ക് യാത്ര. വരുന്നവഴി പെരുമ്പാവൂരിലെ പമ്പിൽ കയറി കള്ളത്തരം കാണിച്ച് പെട്രോളും അടിച്ചു. പത്തനംതിട്ടയിലെത്തിയപ്പോൾ കുരിശടി തകർത്ത് മോഷണം. അങ്ങനെ കാമുകിയ്‌ക്കൊപ്പം ഒന്നിച്ചു കഴിയാൻ പത്തനംതിട്ടയിലെത്തിയ കാമുകൻ 10 ദിവസത്തിനിടെ നടത്തിയത് 4 മോഷണം. കുറ്റിപ്പുറം തവനൂർ അതല്ലൂർ തൃപ്പള്ളൂർ പോയിലി വളപ്പിൽ വീട്ടിൽ അനന്തകൃഷ്ണ (21)നെയാണു പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വാഴമുട്ടത്തെ കുരിശടി മോഷണശ്രമക്കേസിൽ പിടിയിലായപ്പോഴാണ് മേയ് 20 മുതൽ 30 വരെ ഇയാൾ നടത്തിയ 3 വാഹന മോഷണക്കേസുകളിൽ പങ്കുണ്ടെന്ന് വ്യക്തമായത്. ഒരു കേസിൽ തുടങ്ങിയ അന്വേഷണം 7 ദിവസം പിന്നിട്ടപ്പോൾ 4 കേസുകളായി. 10 ദിവസത്തിനിടെ പത്തനംതിട്ടയിൽനിന്ന് 2 ബൈക്കുകളും കുറ്റിപ്പുറത്ത്നിന്ന് ഓട്ടോറിക്ഷയും മോഷ്ടിച്ചതായി കണ്ടെത്തി. വള്ളിക്കോട് സ്വദേശിനിയായ പെൺകുട്ടിയുമായി കഴിഞ്ഞ ഒരു മാസമായി ഇയാൾ അങ്ങാടിക്കലിൽ വാടകയ്ക്കു താമസിക്കുകയാണ്. കുറ്റിപ്പുറത്തുനിന്നു മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് പ്രതി പത്തനംതിട്ടയിലെത്തിയത്. മേയ് 30നു പുലർച്ചെ വാഴമുട്ടം മാർ ബഹനാൻ ഓർത്തഡോക്സ് പള്ളി ജംക്‌ഷനിൽ സ്ഥാപിച്ച കുരിശടിയുടെ ഗ്ലാസ് തകർത്ത് മോഷണ ശ്രമം നടത്തിയതും പൊലീസ് കണ്ടെത്തിയിരുന്നു. 2024-ൽ കോട്ടയത്ത് ഒരു കെയ്‌ക്ക് കമ്പനിയിൽ ജോലിചെയ്യുമ്പോൾ അവിടത്തെ ഡ്രൈവറായ അനന്തകൃഷ്ണനുമായി പരിചയത്തിലായെന്നാണ് ഒപ്പം താമസിക്കുന്ന 18 കാരി പറയുന്നത്. അനന്തകൃഷ്ണൻ മുൻപ് വർക്‌ഷോപ്പിൽ ജോലിചെയ്തിരുന്നയാളാണ്. പ്രതിയെ കോടതി റിമാൻഡുചെയ്തു.
