ഇടുക്കി: അടിമാലിയിൽ ക്യാൻസർ രോഗബാധിതയെ കെട്ടിയിട്ട് പണം കവർന്നതായി പരാതി. കീമോ തെറാപ്പിക്കു ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഉഷ സന്തോഷിനു നേരെയാണ് ആക്രമണം. കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി പണം അപഹരിച്ചു. ചികിത്സയ്ക്കായി കരുതിയിരുന്ന 16,000 രൂപയാണ് കവർന്നത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ഉഷയും ഭർത്താവും മകളുമാണ് വീട്ടിലുള്ളത്. ഭർത്താവും മകളും പുറത്തു പോയിരുന്ന സമയത്താണ് കൃത്യം നടന്നത്. അയൽവാസികൾ ഉഷയെ അന്വേഷിച്ചു വീട്ടിലെത്തിയപ്പോഴാണ് കട്ടിലിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇവർ അടിമാലി പൊലീസിനെ വിവരം അറിയിച്ചു. വർഷങ്ങളായി ചികിത്സയിലുള്ള ഉഷ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നയാളാണ്. പ്രദേശവാസികൾ ചേർന്നാണ് ചികിത്സയ്ക്കുള്ള പണം പിരിച്ചു നൽകിയത്. ഈ പണമാണ് മോഷണം പോയത്. പ്രദേശത്ത് മോഷണ ശല്യം രൂക്ഷമാണ്.
വീടിനെ പറ്റി കൃത്യമായ ധാരണയുള്ളയാളാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവികൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.







