നിലമ്പൂര്‍: നവകേരള സദസിന്റെ പേരില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കരാറുകാരോട് പണം വാങ്ങിയതായി പി.വി.അന്‍വറിന്റെ ആരോപണം. റിയാസും പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും കരാറുകാരോട് പണം ആവശ്യപ്പെടുന്നതിന്റെ ഓഡിയോ, വിഡിയോ തെളിവുകളുണ്ട്. ‘നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവ് കയ്യിലുണ്ടെന്നും വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് കാണിക്കുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്കി. തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് മന്ത്രി റിയാസും ആര്യാടന് ഷൗക്കത്തുമാണ്. വ്യക്തിഹത്യ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വി.ഡി.സതീശന് ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടന് ഷൗക്കത്ത് ആയാലും തലയില്‍ മുണ്ടിട്ട് നിലമ്പൂരില്‍നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും. ഇതൊരു മുന്നറിയിപ്പാണെന്നും അന്‍വര്‍ പറയുന്നു.
അതേമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പുതിയ രാഷ്ട്രീയ മുന്നണിയും രൂപീകരിച്ചതായി അന്‍വര്‍ പറഞ്ഞു. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരിലാണ് പുതിയ മുന്നണി രൂപീകരിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി. മൂന്നാം മുന്നണി രൂപീകരണത്തിെേന്റ ഭാഗമായാണ് നീക്കമെന്നാണ് വിവരം. ആംആദ്മി പാര്‍ട്ടിയും ഈ മുന്നണിയെ പിന്തുണക്കും. മറ്റു പാര്‍ട്ടികളെയും മുന്നണിയുടെ ഭാഗമാക്കാന്‍ നീക്കം പുരോഗമിക്കുകയാണ്.
