കോഴിക്കോട്: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കക്കോടി കിഴക്കുമുറി സ്വദേശി എടക്കാട് താഴം അക്ഷയ്(25)യെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീടിനു വെളിയിലെ ശുചിമുറിയിൽ കുളിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
2023ൽ പെൺകുട്ടിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു. കേസിന്റെ വിചാരണ കോടതിയിൽ നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം. സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ അമ്പലപ്പുഴ, പെരുവണ്ണാമൂഴി, ചേവായൂർ സ്റ്റേഷനുകളിൽ പോക്സോ കേസുകൾ നിലവിലുണ്ട്. ഒപ്പം ലഹരിമരുന്ന് ഉപയോഗം, വീടുകളിൽ അതിക്രമിച്ചു കയറി സ്ത്രീകളോട് മോശം പെരുമാറ്റം, പൊതുജനങ്ങൾക്കു ശല്യമുണ്ടാക്കൽ എന്നിവയ്ക്കും കേസുകൾ നേരിടുന്നുണ്ട്. കോഴിക്കോട് ചെറുവണ്ണൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ അക്ഷയിയെ റിമാൻഡ് ചെയ്തു.
