കാസര്‍കോട്: സൗദിയില്‍ കാസര്‍കോട് ഏണിയാടി സ്വദേശി വെടിയേറ്റ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കുറ്റിക്കോല്‍ ഏണിയാടിയിലെ കുമ്പക്കോട് മുഹമ്മദ് ബഷീര്‍(42) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ബിഷയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള റാക്കിയ യിലെ താമസസ്ഥലത്ത് വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിൽ എത്തിയ ആക്രമിസംഘം വെടിവയ്ക്കുകയായിരുന്നുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം. ഞായറാഴ്ച രാവിലെയാണ് മരിച്ച വിവരം ലഭിച്ചതെന്നും സ്പോണ്സറുമായി ബന്ധപ്പെട്ടുവരികയാണെന്നും സഹോദരന് അബൂബക്കര്‍ പറഞ്ഞു. എന്തിനാണ് അക്രമം എന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൃതദേഹം ബിഷയിലെ മാലിക് അബ്ദുള്ള ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്സി ഡ്രൈവറായി ജോലിചെയ്തുവരികയാണ് ബഷീര്‍. പരേതരായ കുമ്പക്കോട് മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്. നസ്രിയയാണ് ഭാര്യ. മക്കള്‍: ഫിദ, മുഹമ്മദ്, ആദില്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.
