കൊച്ചി: മുന്‍ മാനേജറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടന് ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ ഉള്ളതെന്നും മുന്‍കൂര്‍ ജാമ്യം തേടേണ്ട ആവശ്യമില്ലെന്നും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. സ്റ്റേഷന് ജാമ്യത്തില്‍ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആറില്‍ ഉള്ളതെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷന് കേസ് ഡയറിയും ഹാജരാക്കിയിരുന്നു. തന്നെ മര്‍ദ്ദിച്ചുവെന്ന് കാട്ടി മുന്‍ മാനേജര്‍ വിപിന്‍കുമാര്‍ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. എന്നാല്‍ ഈ ആരോപണം ഉണ്ണിമുകുന്ദന് നിഷേധിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഫ്ലാറ്റിലെ സിസിടിവി ക്യാമറയില്‍ സംഭവം പതിഞ്ഞിട്ടുണ്ടെന്നാണ് വിപിന്‍ കുമാര്‍ പറയുന്നത്. ടോവിനോ തോമസിന്റെ നരിവേട്ട എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ഇട്ടതിനാണ് ഉണ്ണി മുകുന്ദന് തന്നെ മര്‍ദ്ദിച്ചതെന്ന് വിപിന്‍ ആരോപിച്ചിരുന്നു.
താന്‍ താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റിന്റെ താഴെയെത്തിയാണ് ഉണ്ണി മുകുന്ദന് തന്നെ വിളിച്ചു വരുത്തി അസഭ്യം പറഞ്ഞു മര്ദിച്ചുതെന്നു വിപിന്‍ ആരോപിച്ചിരുന്നു. കേസില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് മാനേജര്‍ വിപിന്‍ കുമാറിന്റെ മൊഴിരേഖപ്പെടുത്തുകയും ചെയ്തിരുന്നു.
