കാസര്‍കോട്: കുമ്പള ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷിറിയ, ബത്തേരി മഹലിലെ മൂസഖലീലിന്റെ സ്വിഫ്റ്റ് കാറാണ് കത്തിനശിച്ചത്. ബന്തിയോട് ഭാഗത്തു നിന്നു കുമ്പള ടൗണിലേക്ക് വരികയായിരുന്നു ഇദ്ദേഹം. കുമ്പള ടൗണിനു സമീപത്തു എത്തിയപ്പോള്‍ കാറിന്റെ മുന്‍ഭാഗത്തു നിന്നും തീ ആളിപ്പടരുകയായിരുന്നുവെന്നു പറയുന്നു. മൂസ ഖലീല്‍ ഉടന്‍ കാര്‍ നിര്‍ത്തി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഉപ്പള ഫയര്‍സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ റഫീഖിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നു. അഞ്ചു ദിവസത്തിനുള്ളില്‍ ജില്ലയില്‍ സമാനമായ രീതിയില്‍ ഉണ്ടായ രണ്ടാമത്തെ അപകടമാണ് കുമ്പളയിലേത്. മെയ് 23ന് ചെര്‍ക്കള, ബേവിഞ്ച, കുന്നില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ന്യൂ മുംബൈയില്‍ നിന്ന് കണ്ണൂര്‍ കണ്ണപുരത്തേക്ക് സിഎന്‍ജി കാറില്‍ പോവുകയായിരുന്നു കുടുംബം. അന്നും കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
