ഉള്ളാള്‍: കൊല്യയ്ക്ക് സമീപം ദേശീയപാതയില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ ഇലക്ട്രീഷ്യന് ദാരുണാന്ത്യം. മംഗളൂരു സോമേശ്വര പിലാരു അംബിസാദി നിവാസിയായ മനോജ് ഗാട്ടി (53) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അധിത്രി ഹോട്ടലിന് മുന്നിലുള്ള ദുര്‍ഗാംബ ഗാരേജിന് സമീപത്ത് വച്ച് മനോജ് സഞ്ചരിച്ച ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചാണ് അപകടമെന്ന് പറയുന്നു. കൊടേക്കര്‍ കൊണ്ടാന ക്ഷേത്രത്തില്‍ നടക്കുന്ന ബന്ദി ഉത്സവത്തിന്റെ സമാപന ദിവസ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ദേര്‍ളക്കട്ടെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
